TAP-ൽ ഉൾപ്പെടുത്തിയിട്ടുള്ള സ്വയം പരിചരണ സഹായക ഉൽപ്പന്നങ്ങൾ
TAP ല്‍ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ചില സ്വയം പരിചരണ സഹായക ഉൽപ്പന്നങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് അവയാണ്:
- കുളിമുറിക്കസേരകള്‍
- ശുചിമുറിക്കസേരകൾ
- ആഗിരണം ചെയ്യാവുന്ന ഉല്‍പ്പന്നങ്ങള്‍
- കത്തീറ്ററുകൾ
- വസ്ത്രധാരണ സഹായികള്‍
- കഴിക്കുവാനും കുടിക്കുവാനുമുള്ള സഹായികള്‍.
ഈ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ഒരു ഹ്രസ്വ ആമുഖത്തിനായി തുടര്‍ന്ന് വായിക്കുക.
കുളിമുറിക്കസേരകള്‍
കുളിക്കുമ്പോള്‍ ഒരു വ്യക്തിക്ക് ഷവറിന് കീഴില്‍ അല്ലെങ്കില്‍ കുളിക്കുന്ന സ്ഥലത്ത് ഇരിക്കുന്നതിന് വേണ്ടിയാണ് ഷവര്‍ കസേരകള്‍.
കുളിക്കുമ്പോള്‍ സുരക്ഷിതമായി നിൽക്കുവാനും / അല്ലെങ്കിൽ സമതുലിതാവസ്ഥ പാലിക്കുവാനും കഴിയാത്ത ആളുകൾക്ക് കുളിമുറി കസേരകൾ ഉപയോഗപ്രദമാണ്.
പീറ്ററിനെ ഓർമ്മയുണ്ടോ?
നട്ടെല്ലിന് പരിക്കേറ്റ അദ്ദേഹം അരയ്ക്ക് താഴെ തളർന്ന അവസ്ഥയിലാണ്. അദ്ദേഹം സഞ്ചരിക്കുന്നതിനായി ഒരു ചക്രക്കസേര ഉപയോഗിക്കുന്നുണ്ട്. പീറ്ററിന് കുളിമുറിയിൽ ഒരു ഷവർ കസേരയുണ്ട്. അദ്ദേഹം കുളിമുറിയിലേയ്ക്ക് സ്വയം പോവുകയും ഷവർ കസേരയിലേക്ക് മാറി ഇരിക്കുകയും ചെയ്യും. പിന്നീട് അദ്ദേഹം ചക്രക്കസേര വെള്ളം വീഴുന്ന ഇടത്തുനിന്ന് നിന്ന് തള്ളി മാറ്റി കുളിക്കും.
കുളിക്കുമ്പോള്‍ ഇരിക്കേണ്ട അവസ്ഥയുള്ളവര്‍ക്കും കുളിക്കുന്ന സ്ഥലത്തേക്ക് പോകുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ചെറിയ മുന്‍ ചക്രങ്ങളുള്ള ഷവർ കസേരകൾ ഉപയോഗപ്രദമാണ്.
റോണിനെ ഓർമ്മയുണ്ടോ?
അപകടത്തിന് ശേഷം പരിക്കു പറ്റിയ കാലും കൈയും സുഖം പ്രാപിക്കുമ്പോൾ, ചെറിയ മുന്‍ ചക്രങ്ങളുള്ള ഷവർ കസേരയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. കസേര അദ്ദേഹത്തിന്‍റെ കിടക്കയ്ക്കരികിൽ വച്ചുകൊണ്ട്, മാതാപിതാക്കളുടെ സഹായത്തോടെ അതിലേക്ക് മാറി ഇരിക്കും. തുടർന്ന് അദ്ദേഹത്തെ മാതാപിതാക്കള്‍ ചക്രക്കസേരയില്‍ കുളിക്കുന്ന സ്ഥലത്തേയ്ക്ക് തള്ളികൊണ്ട് പോകും, അവിടെ വച്ച് അവരുടെ സഹായത്തോടെയാണ് അദ്ദേഹം കുളിക്കുന്നത്.
ഷവർ കസേരകളെക്കുറിച്ചും അവ എങ്ങനെ നൽകാമെന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്ക്, TAP ന്‍റെ ഷവർ, ശുചി മുറി കസേരകള്‍ എന്നീ മൊഡ്യൂളുകള്‍ പൂർത്തിയാക്കുക.
ശുചിമുറിക്കസേരകൾ
ശുചി മുറിക്കസേരകളില്‍ നടുവില്‍ ദ്വാരമുള്ള ഇരിപ്പിടം, കൈത്താങ്ങികള്‍, നീക്കം ചെയ്യാവുന്ന ഒരു ബക്കറ്റ് എന്നിവയുണ്ട്. ചിലതിന് മുതുക് താങ്ങിയുമുണ്ട്.
താഴെ പ്പറയുന്ന രീതിയിലെല്ലാം ഇവ ഉപയോഗിക്കാം:
- ഒരു ടോയ് ലറ്റിന് മുകളിൽ (നീക്കം ചെയ്യാവുന്ന ബക്കറ്റ് ഇല്ലാതെ) അല്ലെങ്കിൽ ടോയ് ലറ്റില്‍ നിന്നും മാറി
- ഏതെങ്കിലും സ്വകാര്യ സ്ഥലത്ത് (നീക്കം ചെയ്യാവുന്ന ബക്കറ്റ് ഉപയോഗിച്ച്).
താഴെ ഇരിക്കാനും, ടോയിലെറ്റ് കസേരയില്‍ ഇരിക്കാനും എഴുന്നേൽക്കാനുമെല്ലാം ശുചി മുറിക്കസേരകള്‍ കൂടുതൽ പിന്തുണ നൽകുന്നു.
ചില ശുചി മുറി കസേരകൾക്ക് ചക്രങ്ങളുണ്ട്.
ശുചി മുറി കസേരകൾ ഇനിപ്പറയുന്ന ആളുകൾക്ക് ഉപയോഗപ്രദമാകും:
- ശുചി മുറിയിലേക്കോ പുറത്തേക്കോ പോകാൻ ബുദ്ധിമുട്ടുണ്ട് കൂടാതെ / അല്ലെങ്കിൽ
- ശുചി മുറി ഉപയോഗികുമ്പോള്‍ ഇരിക്കാനും എഴുന്നേല്‍ക്കാനും ബുദ്ധിമുട്ടുള്ളവര്‍
- ശുചി മുറി ഉപയോഗവുമായി ബന്ധപ്പെട്ട കഴിവുകൾ (ടോയിലെറ്റ് പരിശീലനം) പഠിക്കുമ്പോഴോ വീണ്ടും പരിശീലിക്കുന്ന സമയത്തോ സൗകര്യപ്രദമായി ഇരിക്കുവാന്‍ സഹായം ആവശ്യമുള്ളവര്‍.
ഐഡയെ ഓർമ്മയുണ്ടോ?
പക്ഷാഘാതത്തിന് ശേഷം, ഐഡയ്ക്ക് ശുചി മുറിയില്‍ കയറുന്നതും ഇരിക്കുന്നതും എഴുന്നേൽക്കുന്നതും എല്ലാം ബുദ്ധിമുട്ടാണ്.
നീക്കം ചെയ്യാവുന്ന ബക്കറ്റുള്ള ഒരു ശുചി മുറി കസേരയാണ് അവൾ ഇപ്പോൾ ഉപയോഗിക്കുന്നത്.
പകൽ സമയത്ത് ബക്കറ്റ് നീക്കം ചെയ്ത് ശുചി മുറി കസേര ടോയിലെറ്റിന് മുകളിലായി വയ്ക്കുന്നു.
ശുചി മുറിക്കസേര ഉയരമുള്ളതും കൈപ്പിടികള്‍ ഉള്ളതുമായതിനാല്‍ ടോയ്ലെറ്റിലേയ്ക്ക് കയറുവാനും ഇറങ്ങുവാനും ഐഡയ്ക്ക് എളുപ്പമാണ്. ശുചിമുറിയിലേക്കും പുറത്തേക്കും നടക്കാൻ മകൾ അവളെ സഹായിക്കുന്നുണ്ട്.
രാത്രിയിൽ ബക്കറ്റോട് കൂടി ഐഡയുടെ കിടക്കയ്ക്ക് അരികിലായി ശുചി മുറിക്കസേര സൂക്ഷിക്കാറുണ്ട്.
മകളെ ഉണർത്താതെ തന്നെ അവൾക്ക് സ്വയം ശുചി മുറിക്കസേരയിലേയ്ക്ക് മാറുവാന്‍ കഴിയും. ബക്കറ്റ് രാവിലെയാണ് വൃത്തിയാക്കുക.
ശുചി മുറിക്കസേരകളെക്കുറിച്ചും അവ എങ്ങനെ നൽകാമെന്നതിനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക്, TAP കുളിമുറി, ശുചി മുറിക്കസേരകള്‍ എന്നീ മൊഡ്യൂളുകള്‍ പൂർത്തിയാക്കുക.
ആഗിരണം ചെയ്യാവുന്ന ഉല്‍പ്പന്നങ്ങള്‍
TAP ല്‍ ഉൾപ്പെടുത്തിയിരിക്കുന്ന ആഗിരണം ചെയ്യുന്ന ഉൽപ്പന്നങ്ങൾ ആ വ്യക്തി ധരിക്കുന്നവയാണ്. താഴെപ്പറയുന്നവ ഇതില്‍ ഉള്‍പ്പെടുന്നു.
- വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലും ലഭിക്കും
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പുരുഷന്മാർക്കും സ്ത്രീകൾക്കും എല്ലാവര്‍ക്കും ഉപയോഗിക്കാം
- വളരെ കുറവോ മിതമോ കൂടുതലോ ആയിട്ടുള്ള മൂത്രം പോക്ക് അല്ലെങ്കില്‍ മലം പോക്കിന് അനുയോജ്യമായ ഉൽപ്പന്നങ്ങൾ ഉള്‍പ്പെടുത്തിയിരിക്കുന്നു
- ഒന്നുകില്‍ കഴുകി വീണ്ടും ഉപയോഗിക്കാം അല്ലെങ്കിൽ ഒരിക്കൽ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കാം (ഒരൊറ്റ ഉപയോഗം).
നിയന്ത്രണമില്ലായ്മ അനുഭവിക്കുന്ന ആളുകൾക്ക് ആഗിരണം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗപ്രദമാകും. ഇവ നിയന്ത്രണമില്ലാതെ പുറത്തു പോകുന്ന മൂത്രം / അല്ലെങ്കില്‍ മലം ഒതുക്കി നിര്‍ത്തുവാനും, ആ വ്യക്തിയുടെ ചർമ്മവും വസ്ത്രങ്ങളും സംരക്ഷിക്കുവാനും സഹായിക്കുന്നു; ദൈനംദിന പ്രവൃത്തികള്‍ തുടരുവാനും ഇത് അവരെ അനുവദിക്കുന്നു.
അലീഷയെ ഓർമ്മയുണ്ടോ?
അലീഷയ്ക്ക് സെറിബ്രൽ പാൾസി ഉണ്ട്, ചലനങ്ങൾ ഏകോപിപ്പിക്കുവാനും നിയന്ത്രിക്കുവാനും അവള്‍ക്ക് ബുദ്ധിമുട്ടാണ്. ശുചി മുറിയില്‍ പോകേണ്ടപ്പോള്‍ അവള്‍ അത് തിരിച്ചറിയുന്നുണ്ട്, ശുചി മുറിയില്‍ പോകുവാനും ഉപയോഗിക്കുവാനും അമ്മ അവളെ സഹായിക്കും.
എന്നിരുന്നാലും, ചിലപ്പോള്‍ അവൾക്ക് നിയന്ത്രണമില്ലാതെയുള്ള മല മൂത്ര വിസര്‍ജനം സംഭവിക്കാറുണ്ട്. അലീഷ സ്കൂളിൽ ആയിരിക്കുമ്പോൾ എളുപ്പത്തില്‍ ധരിക്കുവാനും അഴിക്കുവാനും കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കുക. ഇത് അവള്‍ക്ക് നിയന്ത്രണമില്ലാതെ മൂത്രം അല്ലെങ്കില്‍ മലം പോകുന്നത് തടയുവാന്‍ സഹായിക്കും.
ആഗിരണം ചെയ്യുന്ന ഉല്‍പ്പന്നങ്ങളെക്കുറിച്ചും അവ എങ്ങനെ നല്‍കാമെന്നതിനെക്കുറിച്ചും കൂടുതൽ അറിയുവാന്‍, TAP ന്‍റെ ആഗിരണം ചെയ്യുന്ന ഉല്‍പന്നങ്ങള്‍ എന്ന മൊഡ്യുള്‍ പൂർത്തിയാക്കുക.
കത്തീറ്ററുകൾ
മൂത്രസഞ്ചിയിൽ നിന്ന് മൂത്രം വലിച്ചെടുക്കുന്ന അയവുള്ള ഒരു കുഴലാണ് കത്തീറ്റർ.
മൂത്ര വിസര്‍ജ്ജനത്തില്‍ ബുദ്ധിമുട്ടുള്ള ആളുകൾക്ക് കത്തീറ്ററുകൾ ഉപയോഗപ്രദമാകും.
കത്തീറ്ററുകള്‍ പ്രധാനമായും രണ്ട് തരത്തില്‍ ഉണ്ട്:
- ഇടവിട്ട് ഉപയോഗിക്കുന്നവ (നെലറ്റൺ കത്തീറ്ററുകൾ എന്നും വിളിക്കുന്നു)
- ശരീരത്തിന് ഉള്ളില്‍ സ്ഥാപിക്കുന്നവ (ഫോളി കത്തീറ്ററുകൾ എന്നും വിളിക്കുന്നു)
ഇടവിട്ട് ഉപയോഗിക്കുന്ന (നെലറ്റൺ) കത്തീറ്ററുകൾ
മൂത്രം വലിച്ചെടുക്കുന്നതിനായി നെലറ്റൺ കത്തീറ്ററുകൾ മൂത്രസഞ്ചിയിലേക്ക് കടത്തുകയും അതിന് ശേഷം നീക്കംചെയ്യുകയും ചെയ്യുന്നു.
വ്യക്തിക്ക് മൂത്ര വിസര്‍ജ്ജനം നടത്തേണ്ട സമയങ്ങളില്‍ എല്ലാം ഇങ്ങനെ ചെയ്യുന്നു.
മൂത്ര വിസര്‍ജ്ജനം ചെയ്യുന്നതിനായി, പീറ്റർ ഇടവിട്ടുള്ള കത്തീറ്റർ ഉപയോഗിക്കുന്നു. എല്ലാ ദിവസവും നിശ്ചിത സമയങ്ങളിൽ, പീറ്റർ കത്തീറ്റര്‍ ഉപയോഗിച്ച് മൂത്രസഞ്ചിയില്‍ നിന്നും മൂത്രം ടോയിലെറ്റിലേയ്ക്ക് ഒഴുക്കി കളയുന്നു.
ശരീരത്തിന് ഉള്ളില്‍ സ്ഥാപിക്കുന്ന (ഫോളി) കത്തീറ്ററുകൾ
അവ മൂത്രസഞ്ചിയിലേക്ക് കടത്തുകയും പന്ത്രണ്ട് ആഴ്ച വരെ അവിടെ തുടരുകയും ചെയ്യുന്നു. കത്തീറ്റർ തുടര്‍ച്ചയായി മൂത്രം വലിച്ചെടുത്ത് ഒരു ബാഗില്‍ ശേഖരിക്കുന്നു.
മറ്റുള്ള ഉല്‍പന്നങ്ങള്‍ ഒന്നും തന്നെ അനുയോജ്യമല്ലാത്ത മൂത്ര നിയന്ത്രണമില്ലായ്മ അനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിനായി ശരീരത്തിന് ഉള്ളില്‍ സ്ഥാപിക്കുന്ന കത്തീറ്ററുകൾ ഉപയോഗിക്കാം.
മരിയയെ പരിചയപ്പെടുക
മരിയയ്ക്ക് മൾട്ടിപ്പിൾ സ്ക്ലിറോസിസ് ഉണ്ട്, ഇത് തലച്ചോറിലെയും സുഷുമ്നാനാഡിയിലെയും ഞരമ്പുകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ്. ചുറ്റിക്കറങ്ങാൻ അവൾ ഒരു ചക്രക്കസേര ഉപയോഗിക്കുന്നുണ്ട്, അവള്‍ക്ക് കൈകള്‍ ഉപയോഗിക്കുന്നതിലും പരിമിതികള്‍ ഉണ്ട്. സ്വയം പരിചരണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാൻ മരിയയ്ക്ക് ഒരു പരിചാരക ഉണ്ട്.
മൂത്ര വിസര്‍ജ്ജനത്തില്‍ സഹായിക്കുന്നതിനായി മരിയയ്ക്ക് ഒരു കത്തീറ്റർ ആവശ്യമാണ്, അവള്‍ ശരീരത്തിന് ഉള്ളില്‍ സ്ഥാപിക്കാവുന്ന ഒരു കത്തീറ്റർ ഉപയോഗിക്കാൻ തീരുമാനിച്ചു.
ഷീത്ത് (യുറിഡോം)
ഷീത്തുകൾ മറ്റൊരു സാധ്യതയാണ് (ആഗിരണം ചെയ്യുന്ന ഉത്പന്നങ്ങളില്‍) മൂത്രം പോക്ക് തടയാൻ പുരുഷന്മാർക്ക് ഇത് ഉപയോഗിക്കാം. ഇത് ലിംഗവുമായി ബന്ധിപ്പിക്കുകയും അവസാനം ഒരു ചെറിയ അയഞ്ഞ കുഴലുമായി കൂട്ടി യോജിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് കുഴല്‍ ഒരു മൂത്ര ശേഖരണ ബാഗിലേയ്ക്ക് ഘടിപ്പിക്കുന്നു.
വ്യത്യസ്ത തരം കത്തീറ്ററുകളെക്കുറിച്ചും അവ എങ്ങനെ നൽകാമെന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയുവാന്‍, TAP ന്‍റെ കത്തീറ്ററുകൾ മൊഡ്യൂൾ പൂർത്തിയാക്കുക.
വസ്ത്രധാരണത്തെ സഹായിക്കുന്ന സ്വയം പരിചരണ സഹായക ഉൽപ്പന്നങ്ങൾ
വസ്ത്രധാരണത്തിനുള്ള വടി
വസ്ത്രധാരണത്തിനുള്ള വടിയുടെ ഒരു അറ്റത്ത് 'C' ആകൃതിയിലുള്ള കൊളുത്തും മറ്റേ അറ്റത്ത് 'S' ആകൃതിയിലുള്ള ഒരു കൊളുത്തും ഉണ്ട്.
വസ്ത്രങ്ങൾ മുഴുവനായും ധരിക്കുവാനോ അഴിക്കുവാനോ ഇത് ഉപയോഗിക്കുന്നു.
എളുപ്പത്തിൽ മുന്നോട്ട് കുനിയുവാന്‍ കഴിയാത്ത അല്ലെങ്കിൽ കൈകളുടെ ചലനം പരിമിതമായ ആളുകൾക്ക് വസ്ത്രധാരണത്തിനുള്ള വടികള്‍ ഉപയോഗപ്രദമാകും.
നീളന്‍ പിടിയുള്ള ഷൂ ഹോൺ
ഒരു വ്യക്തിക്ക് അവരുടെ കാൽ മുഴുവനായും ഷൂവിന് അകത്തേയ്ക്ക് കയറ്റുവാന്‍ സഹായിക്കുന്ന അധിക നീളന്‍ പിടിയുള്ള ഒരു ഷൂ ഹോണാണിത്.
എളുപ്പത്തിൽ മുന്നോട്ട് കുനിയുവാന്‍ കഴിയാത്ത ആളുകൾക്കോ അല്ലെങ്കിൽ കൈകളുടെയോ കാലുകളുടെയോ ചലനങ്ങൾ പരിമിതമായവർക്കോ ഇത് ഉപയോഗപ്രദമാകും.
കാലുറ ധാരണ സഹായി
അഗ്രങ്ങളില്‍ രണ്ട് ചരടുകൾ ഘടിപ്പിച്ചിരിക്കുന്ന അയഞ്ഞിരിക്കുന്ന പ്ലാസ്റ്റിക്കിന്‍റെ ഒരു കഷണമാണ് കാലുറ ധാരണ സഹായി. കാലുറ പ്ലാസ്റ്റിക്കിന്‍റെ അഗ്ര ഭാഗത്തായി ചുറ്റികൊണ്ട്, വ്യക്തി കാലുറയില്‍ കാൽ വയ്ക്കുകയും ഇതിലെ രണ്ട് ചരടുകളും ഉപയോഗിച്ച് കാലുറ കാലിലേക്ക് വലിച്ചുകയറ്റുന്നു.
കാലുറകള്‍ വലിച്ച് കയറ്റുവാനോ മുന്നോട്ട് കുനിയുവാനോ കൈകള്‍ ചലിപ്പിക്കുവാനോ ബുദ്ധിമുട്ടുള്ള വ്യക്തികള്‍ക്ക് കാലുറ ധാരണ സഹായികള്‍ ഉപയോഗപ്രദമാകും.
ഐഡയെ ഓർമ്മയുണ്ടോ?
പക്ഷാഘാതം വന്നതു മുതൽ ഐഡയ്ക്ക് സ്വയം വസ്ത്രം ധരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. എന്നിരുന്നാലും, അവൾ വസ്ത്രധാരണത്തിനുള്ള വടി, ഒരു കാലുറ സഹായി, നീളമുള്ള ഷൂ ഹോൺ എന്നിവ ഉപയോഗിക്കുവാന്‍ തുടങ്ങി. ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനാല്‍ അവൾക്ക് ഇപ്പോൾ സ്വതന്ത്രമായി വസ്ത്രം ധരിക്കാൻ കഴിയുന്നുണ്ട്.
ബട്ടൺ കൊളുത്തും സിപ് പുള്ളറും
ഒരു ബട്ടൺ കൊളുത്ത്, സിപ് പുള്ളർ എന്നിവയ്ക്ക് ഒരു അറ്റത്ത് സിപ്പറുകൾ വലിക്കുവാന്‍ 'C' ആകൃതിയിലുള്ള കൊളുത്തും മറ്റേ അറ്റത്ത് ബട്ടണിന്‍റെ ദ്വാരങ്ങളിലൂടെ ബട്ടണുകൾ വലിക്കുവാന്‍ ഡയമണ്ട് ആകൃതിയിലുള്ള കൊളുത്തും ഉണ്ട്.
കൈകള്‍കൊണ്ടുള്ള ചെറിയ ചലനങ്ങള്‍ ബുദ്ധിമുട്ടുള്ള ആളുകൾക്ക് അവ ഉപയോഗപ്രദമാകും.
സാമുവലിനെ ഓർമ്മയുണ്ടോ?
ബട്ടണുകൾ ഇടല്‍, ഷൂ ലെയ്സുകൾ കെട്ടുക തുടങ്ങിയ സൂക്ഷ്മത ആവശ്യമുള്ള ജോലികൾ ചെയ്യാന്‍ സാമുവലിന് ബുദ്ധിമുട്ടാണ്. വസ്ത്രധാരണം എളുപ്പമാക്കാൻ അദ്ദേഹം ഒരു ബട്ടൺ കൊളുത്തും സിപ് പുള്ളറും ഉപയോഗിക്കുന്നു.
കെട്ടുന്ന തരം ഷൂ ഉപയോഗിക്കുന്നതിനു പകരം കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള വെല്‍ക്രോ ഉള്ള ഷൂ അയാള്‍ ഉപയോഗിക്കുന്നു.
തിന്നുന്നതിനും കുടിക്കുന്നതിനും സഹായകമായ സ്വയം പരിചരണ സഹായക ഉൽപ്പന്നങ്ങൾ
പരിഷ്കരിച്ച തീന്‍ മേശാ ഉപകരണങ്ങള്‍
ഭക്ഷണ സഹായക ഉല്പന്നങ്ങളായ കത്തികൾ, ഫോർക്കുകൾ, സ്പൂണുകൾ, ചോപ്സ്റ്റിക്കുകൾ തുടങ്ങിയവ എളുപ്പം പിടിക്കുവാന്‍ ആവശ്യമായ രീതിയില്‍ പരിഷ്കരിക്കാം.
കൈകള്‍ക്ക് ബലക്കുറവും ചലന പരിമിതിയുമുള്ള ആളുകൾക്ക് കട്ടിയുള്ള കൈപ്പിടികള്‍ ഉള്ള ഉപകരണങ്ങള്‍ പിടിക്കാൻ എളുപ്പമായിരിക്കും.
തീന്‍ മേശാ ഉപകരണങ്ങള്‍ ഒരു വ്യക്തിയുടെ കൈയിൽ സൗകര്യപ്രദമായി പിടിക്കുന്നതിന് മൃദുവായതും ഉറപ്പുള്ളതുമായ ഒരു കുടുക്ക് കൂട്ടിചേർക്കാം. ഉപകരണം പിടിക്കാൻ കഴിയാത്ത, എന്നാൽ കൈ ചലിപ്പിക്കാനും നിയന്ത്രിക്കാനും കഴിയുന്ന ആളുകൾക്ക് ഇത് ഉപയോഗപ്രദമാണ്.
പ്ലേറ്റ് ഗാർഡുകളും പരിഷ്കരിച്ച പ്ലേറ്റുകളും / പാത്രങ്ങളും
ഒരു പ്ലേറ്റിന്‍റെ വശങ്ങളില്‍ ഘടിപ്പിക്കാവുന്ന അർദ്ധ വൃത്താകൃതിയിലുള്ള പ്ലാസ്റ്റിക് കഷണമാണ് പ്ലേറ്റ് ഗാർഡ്.
പരിഷ്ക്കരിച്ച പ്ലേറ്റുകളിലോ പാത്രങ്ങളിലോ 'ഉള്‍ചേര്‍ത്തിട്ടുള്ള' പ്ലേറ്റ് ഗാർഡുകൾ ഉണ്ട് - പ്ലേറ്റിന്‍റെയോ കിണ്ണത്തിന്‍റെയോ ഒരു വശം ഉയര്‍ന്നിരിക്കുന്നു.
ഒരു കൈ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ആളുകൾക്ക് പ്ലേറ്റ് ഗാർഡുകളും പരിഷ്കരിച്ച പ്ലേറ്റുകളും ഉപയോഗപ്രദമാണ്, കാരണം അവര്‍ക്ക് ആഹാരം പാത്രത്തില്‍ നിന്ന് എടുക്കുന്നതിനോ, ഫോർക്ക്, സ്പൂൺ അല്ലെങ്കിൽ മറ്റ് തീറ്റ സഹായക ഉപകരണങ്ങള്‍ ഉപയോഗിച്ച് ഭക്ഷണം കോരി എടുക്കുന്നതിനോ അത് സഹായിക്കുന്നു.
പരിഷ്കരിച്ച കപ്പുകൾ
പരിഷ്കരിച്ച കപ്പുകൾ പിടിക്കാൻ എളുപ്പമാക്കുന്നതിന് അതില്‍ കൈപ്പിടികള്‍ ഉണ്ടായിരിക്കാം, പാനീയം ചോർന്നു പോകാതെ എളുപ്പത്തിൽ കുടിക്കുന്നതിനായി ഒരു ചെറിയ തൂമ്പുള്ള മൂടി ഉണ്ടായിരിക്കാം.
കൈകള്‍ക്ക് പരിമിതമായ ചലനശേഷിയോ ബലക്കുറവോ ഏകോപനമോ ഉള്ള ആളുകൾക്ക് പരിഷ്കരിച്ച കപ്പുകൾ ഉപയോഗപ്രദമാകും.
അലീഷയെ ഓർമ്മയുണ്ടോ?
അലീഷയ്ക്ക് തന്‍റെ ചലനങ്ങൾ നിയന്ത്രിക്കാനും ഏകോപിപ്പിക്കാനും ബുദ്ധിമുട്ടുണ്ട്.
രണ്ട് കൈപ്പിടികളും ഒരു മൂടിയും ഉള്ള പരിഷ്കരിച്ച കപ്പ് അവൾ ഉപയോഗിക്കുന്നു, അത് അവൾക്ക് പിടിക്കാൻ എളുപ്പമാണ്, മാത്രമല്ല പാനീയം കളയുന്നത് തടയുകയും ചെയ്യുന്നു.
ബലമുള്ള കൈപ്പിടിയും കുടുക്കുമുള്ള ഒരു സ്പൂണ്‍ അവള്‍ ഉപയോഗിക്കുന്നു.